#ശബരിമല

ശബരീനാഥന്റെ ലാക്കും സന്ദീപാനന്ദയുടെ ഹോംസ്റ്റേയും

സാളഗ്രാമത്തിലെ ഗീതാക്ഷേത്രം

സാളഗ്രാമം എന്ന ആശ്രമം ടൂറിസം വകുപ്പ് ഗോൾഡ് ക്യാറ്റഗറിയിൽ പെടുത്തിയ ഹോം സ്റ്റേ ആണെന്ന കണ്ടെത്തൽ പങ്കുവച്ച് കോൺഗ്രസ് എംഎൽഎ കെ എസ് ശബരീനാഥൻ രംഗത്തെത്തിയിട്ടുണ്ട്. സ്കൂൾ ഓഫ് ഭഗവത്ഗീതയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണിത്.

എയർകണ്ടീഷൻ ചെയ്ത നാലു ഗസ്റ്റ് മുറികളും 15 പേരെ വീതം താമസിപ്പിക്കാവുന്ന രണ്ടു ഡോർമിറ്ററികളും 50 പേർക്ക് ഇരിക്കാവുന്ന ഒരു ഹോളും കൂത്തമ്പലത്തിന്റെ മോഡലിൽ നിർമ്മിച്ച ഗീതാക്ഷേത്രവും വളഞ്ഞുപുളഞ്ഞ നടവഴികൾ കൊണ്ട് ‘walking meditation’-നായി സ്ഥാപിച്ച സപ്തഭൂമികയും ചെറിയ പരിപാടികൾ സംഘടിപ്പിക്കാൻ പറ്റുന്ന ഓപ്പൺ എയർ ഗാർഡനും ലൈബ്രറിയും ശാകാഹാരീഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യവും അടങ്ങുന്നതാണ് സാളഗ്രാമം. കുട്ടികളുടെയും മുതിർന്നവരുടെയും ക്യാമ്പുകളും ഗീതാക്ലാസുകളും ധ്യാനയോഗങ്ങളും മറ്റു പരിപാടികളും ഇവിടെ നടക്കാറുണ്ട്.

കേരളത്തിൽ തന്നെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ എത്രയോ റിട്രീറ്റ് സെന്ററുകൾ ഇതിനു സമാനമായി ഉണ്ട്. ആശ്രമങ്ങളോട് അനുബന്ധമായി ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സാധാരണമാണ്. ആശ്രമത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ വരുമാനം സമാഹരിക്കാനുള്ള മാർഗങ്ങളിലൊന്നാണിത്. മദ്യപാനം, പുകവലി, മാംസഭക്ഷണം തുടങ്ങിയവ നിഷിദ്ധമാണിവിടെ. മുറികളിലേക്ക് പുറത്തുനിന്നുള്ള അതിഥികളെ കൂട്ടിക്കൊണ്ടുപോകാൻ പാടില്ല.