#ശബരിമല

ഭൂരിപക്ഷഹിതമോ നീതിയോ, ഏതാണു കോൺഗ്രസിനു പ്രിയം?

1992 ഡിസംബർ 6൹ കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തന്റെ വ്യക്തിപരമായ നിലപാട് പാര്‍ട്ടി കേരളാ ഘടകത്തിന്റേതില്‍ നിന്നും വ്യത്യസ്തമാണ് എന്നു രാഹുല്‍ഗാന്ധി. രാഹുലിന്റെ നിലപാടിനെ എ ഐ സി സിയും പിന്തുണയ്ക്കുന്നു. എന്നാല്‍ കേരളാ ഘടകത്തിന്റെ വ്യത്യസ്തമായ നിലപാടിനോടു വഴങ്ങുകയും ചെയ്യുന്നു. രാഹുല്‍ ഉപയോഗിച്ച വാക്ക് “സബ്മിറ്റ് ടു” എന്നാണ് എഗ്രീ എന്നല്ല.

ഒരു വിഷയത്തില്‍ ഒരു പാര്‍ട്ടിക്ക് കേന്ദ്രത്തിലും സംസ്ഥാനത്തും രണ്ടു നിലപാടെടുക്കാനാവുമോ? ചില ഈര്‍ക്കിലി പാര്‍ട്ടികള്‍ കേന്ദ്രത്തില്‍ ഒരു മുന്നണിയുടെ കൂടെയും സംസ്ഥാനത്ത് അതിന്റെ എതിര്‍ മുന്നണിയുമായും സഹകരിച്ചു പോന്ന ചരിത്രമൊക്കെയുള്ള ഒരു ജനാധിപത്യമാകയാല്‍ നമുക്ക് ഇതിലും വലിയ അത്ഭുതമൊന്നും തോന്നില്ല. പക്ഷെ ഇതില്‍ നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം തീരെ ആരോഗ്യകരമല്ലാത്ത ചില പ്രവണതകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതു കാണാതിരുന്നു കൂടാ.

രാഹുലിന്റെ വിശദീകരണം നോക്കുക. തന്റെ നിലപാട് വേറെ ആണെങ്കിലും കേരളത്തിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇതു വലിയൊരു വൈകാരിക പ്രശ്നമാണ്. കേരളത്തിലെ പാര്‍ട്ടി അവിടത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതിനാല്‍ എന്റെ വ്യക്തിഗത നിലപാട് പാര്‍ട്ടിയുടെ നിലപാടിനു വഴങ്ങിക്കൊടുക്കുന്നു.