#കർസേവ

ഉരുക്കുപ്രതിമകൊണ്ടും അടയ്ക്കാൻ കഴിയാത്ത ചരിത്രവിടവുകൾ

ഗുജറാത്തിൽ സ്ഥാപിച്ച സർദാർ വല്ലഭായി പട്ടേലിന്റെ ഉരുക്കു പ്രതിമ

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്തരിക്കുമ്പോള്‍ ബി ജെ പി രൂപീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം ദിവംഗതനാകുന്നതിന് ഇരുപത്തിയഞ്ച് കൊല്ലം മുമ്പേ ആര്‍ എസ് എസ് നിലവിലുണ്ട്.

ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍ എസ് എസ് നിരോധിക്കപ്പെടുന്നത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. സംഭവത്തില്‍ ആര്‍ എസ് എസിന്റെ പങ്കിനെ കുറിച്ച് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു എന്ന് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്കും ഗോള്‍വള്‍ക്കറിനും അയച്ച കത്തുകളില്‍ നിന്നും വ്യക്തമാണ്. ഗോള്‍വള്‍ക്കര്‍ ആര്‍ എസ് എസിന്റെ തലവനായിരുന്നുവെങ്കില്‍ ശ്യാമപ്രസാദ് മുഖര്‍ജി ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തം പിന്നീട് ആരോപിക്കപ്പെട്ട ഹിന്ദു മഹാസഭയുടെ മുന്‍ അദ്ധ്യക്ഷനും.

ഇതേ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തന്നെയാണ് നിരോധിക്കപ്പെട്ട വര്‍ഷം അവസാനിക്കുന്നതിന് മുമ്പേ ആ നിരോധനം നീക്കുന്നതും. കൂടാതെ സ്വയം സേവകര്‍ക്ക് കോൺഗ്രസ്സില്‍ ചേരാം എന്ന ഒരു നിര്‍ദ്ദേശവും അദ്ദേഹം നെഹ്റു വിദേശപര്യടനത്തിലായിരുന്ന സമയത്ത് വോട്ടിനിട്ട് പാസ്സാക്കിയിരുന്നു. നെഹ്റു തിരികെയെത്തി പരിവാര്‍ അംഗത്വം രാജിവച്ച ശേഷം എന്ന് അത് ഭേദഗതി ചെയ്തതും ചരിത്രം.