#മതരാഷ്ട്രീയം

മുഖംമൂടിയില്ലാതായ കെ എം ഷാജി

കെ എം ഷാജിക്കെതിരായ കോടതി വിധിയിൽ അത്ഭുതമോ അസ്വാഭാവികതയോ തോന്നുന്നുണ്ടെങ്കിൽ അത് മുസ്ലിം ലീഗും ഷാജിയും എന്താണെന്ന് മനസ്സിലാക്കാത്തത് കൊണ്ടാണ്.

മത, പൗരോഹിത്യ ചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും തന്ത്രപരമായ ഉപയോഗം വഴിയാണ് മുസ്ലിം ലീഗ് ആളെ കൂട്ടുന്നതും വോട്ട് പിടിക്കുന്നതും. പൗരോഹിത്യത്തിന്റെ ഏറ്റവും അശ്ലീല രൂപമായ തങ്ങളിസമാണ് പാർട്ടി ഘടനയുടെ ആണിക്കല്ല്. കഴിവുകേടിന്റെ പര്യായമായ ഒരു കൂട്ടം ആണുങ്ങൾ ജനാധിപത്യത്തിന്റെ ലാഞ്ചന പോലും കാണിക്കാതെ മരണം വരെ ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളായി ജീവിക്കുന്നത് ഇതേ പൗരോഹിത്യത്തിന്റെ പിൻബലത്തിൽ മാത്രമാണ്. സുപ്രീം കോടതി വിധിച്ചാൽ പോലും തങ്ങളുടെ പള്ളികളിൽ സ്ത്രീകളെ കയറ്റില്ലെന്ന് ധാർഷ്ട്യത്തോടെ പ്രഖ്യാപിക്കുന്ന ഇ കെ വിഭാഗം സുന്നിയാണ് ലീഗിന്റെ കോർ വോട്ട് ബാങ്ക്. ലീഗിന്റെ പരമോന്നത നേതൃത്വം വഹിക്കുന്ന തങ്ങൻമാർ തന്നെ ഇ കെ വിഭാഗത്തിനും നേതൃത്വം നൽകുന്നു.

ഈ തട്ടിപ്പ് രാഷ്ട്രീയത്തെ സമർത്ഥമായി ഉപയോഗിച്ച് വ്യക്തിഗത നേട്ടം കൈവരിച്ച കുടില രാഷ്ട്രീയക്കാരനാണ് ഷാജി. വർഗീയതയെന്നാൽ ഷാജിക്ക് എന്നും ജമാഅത്തും എസ് ഡി പി ഐ യും മാത്രമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം സംഹാര താണ്ഡവമാടിയപ്പോഴും അതങ്ങനെ തന്നെ തുടർന്നു. ഷാജിയുടെ പുരോഗമന രാഷ്ട്രീയം ഇവരെ എതിർക്കുന്നതിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുകയും ചെയ്തു. ഈ സംഘടനകളെ ഷാജി എതിർത്തത് അവരുടെ നിലപാടുകൾ കാരണമോ അത് പുരോഗമന ആശയങ്ങൾക്ക് വിരുദ്ധമായതിനാലോ ആയിരുന്നില്ല. മറിച്ച് തങ്ങളുടെ ഇടങ്ങളിലേക്ക് ഇവർ കടന്നുവരുമെന്ന ഭീതി കൊണ്ട് മാത്രമായിരുന്നു. ഷാജിയും ഷാജിയുടെ പാർട്ടിയും പിന്തുടരുന്ന പിന്തിരിപ്പൻ നിലപാടുകളെ മൂടിവെക്കാനുള്ള മുഖം മൂടി കൂടിയായിരുന്നു പലപ്പോഴും ഇത്.