#രാഷ്ട്രീയം

എന്തായാലും ഭരിക്കാൻ പോകുന്നില്ല; പിന്നെയെന്തിന് ഇടത് എം പിമാര്‍?

13 Mar, 2019

കേന്ദ്രത്തിൽ ഒരു ഇടതുപക്ഷ ഗവൺമെന്റ് വരാൻ സാദ്ധ്യത കുറവാണ്‌ എന്നിരിക്കെ എന്തിനു പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്യണം?

വളരെ അടിസ്ഥാനപരമായ ഒരു ചോദ്യമാണ്‌. ഉത്തരം പറയണമെങ്കിൽ എന്താണു കോൺഗ്രസ് എന്ന്, ദേശീയ തലത്തിലെ കോൺഗ്രസ്സിൽ നിന്ന് എങ്ങനെയാണു കേരളത്തിലെ കോൺഗ്രസ്സ് വ്യത്യസ്തമാകുന്നത് എന്നു നോക്കണം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട ബഹുജനങ്ങളുടെ അയഞ്ഞ സ്ട്രക്ചർ ഉള്ള സംഘടന എന്ന നിലയിൽ നിന്നു സ്വാതന്ത്ര്യത്തിനു ശേഷം നെഹ്രുവിന്റെ നേതൃത്വത്തിലുള്ള നാഷൻ സ്റ്റേയ്റ്റ് ഭരിക്കുന്ന പാർട്ടി എന്ന നിലയിലേക്കു കോൺഗ്രസ് വളർന്നു. (സ്വാതന്ത്ര്യസമരം തന്നെ ഗാന്ധിയുടെ മാസ് മൊബിലൈസേഷൻ കഴിവുകളെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യൻ ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും നടത്തിയതാണ്‌ എന്ന ഒരു വെർഷൻ ചരിത്രകാരൻമാർക്കിടയിലുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിൽ അതീവ ദുർബലനായിപ്പോയ ഗാന്ധി ഒരു യാദൃശ്ചികതയല്ല അങനെയെങ്കിൽ. അതു വേറെത്തന്നെ വലിയ ഒരു വിഷയമാണ്‌. കഴിയുമെങ്കിൽ പിന്നീട് എഴുതാൻ ശ്രമികക്കാം)