#അച്ചടി

മുണ്ടക്കയം - മലയാള അച്ചടിയിലെ അറിയപ്പെടാത്ത ചരിത്രം

റവ. ജോൺ ജി ബ്യൂട്ട്ലർ രചിച്ച് കോട്ടയം സിഎംഎസ് പ്രസ്സിൽ നിന്നു പ്രസിദ്ധീകരിച്ച മൃഗചരിതം എന്ന നാച്ചുറൽ ഹിസ്റ്ററി പുസ്തകത്തിന്റെ ഒന്നാം പതിപ്പിൽ (ca. 1860) അച്ചടിച്ച ചിത്രം. മുണ്ടക്കയത്തെ ലിത്തോഗ്രാഫി പ്രസ്സിൽനിന്ന് ഫ്രാൻസെസ് ആനി ബേക്കർ ആണ് ചിത്രം കല്ലച്ചിൽ തയ്യാറാക്കി അച്ചടിച്ചത്.

01 Nov, 2018

മലയാളഭാഷയുടെ ചരിത്രം മലയാളം അച്ചടിയുടെ ചരിത്രം കൂടിയാണ്. ഇംഗ്ലണ്ടിലെ പ്രസ്ബിറ്റേറിയൻ മിഷനറിമാർ കേരളത്തിൽ സ്ഥാപിച്ച അച്ചുകൂടങ്ങളും അവിടെ നിന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും മലയാളിക്കു മുന്നിൽ അക്ഷരത്തിന്റെയും അറിവിന്റെയും വാതായനങ്ങൾ തുറന്നിടുകയായിരുന്നു. പണം കൊടുത്ത് അടിമകളെ വിലയ്ക്കു വാങ്ങി അവരെ അടിമവേലയിൽ നിന്നു മോചിപ്പിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചും സന്മാർഗപാഠത്തോടൊപ്പം ഭാഷയും ശാസ്ത്രവും ചരിത്രവും അഭ്യസിപ്പിച്ചുമാണവർ മിഷൻ പ്രവർത്തനം നയിച്ചത്.

ഇക്കൂട്ടത്തിൽ തിരുവിതാംകൂറിലെ മലയരന്മാർക്കിടയിൽ പ്രവർത്തിച്ച മിഷനറിമാരായിരുന്നു ഹെൻറി ബേക്കർ ജൂനിയറും അദ്ദേഹത്തിന്റെ സഹധർമ്മിണി ഫ്രാൻസെസെ ആനി കിറ്റ്ച്ചിനും. ആനി ബേക്കർ എന്നും മിസിസ് ഹെൻറി ബേക്കർ ജൂനിയർ എന്നും അറിയപ്പെട്ട ഫ്രാൻസെസെ ചിത്രകാരിയും ലിത്തോഗ്രാഫിൿ പ്രിന്റിങ് ടെക്നോളജിയിൽ വിദഗ്ദ്ധയുമായിരുന്നു. ഇവർ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു സ്ഥാപിച്ച ലിത്തോഗ്രാഫി പ്രസ്സിൽ നിന്നാണ് കോട്ടയം സിഎംഎസ് പ്രസിൽ അച്ചടിച്ച ആനുകാലികങ്ങൾക്കും പാഠപുസ്തകങ്ങൾക്കും ഒപ്പം ഉൾപ്പെടുത്തിയ ചിത്രങ്ങൾ പ്രിന്റ് ചെയ്തത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിൽ കേരളത്തിൽ അച്ചടിച്ച പുസ്തകങ്ങളിൽ വർണചിത്രങ്ങൾ ഉൾപ്പെടുത്താൻ ആനി ബേക്കർ സ്വീകരിച്ച മാർഗം കൗതുകകരമാണ്.

സ്ത്രീകളുടെ വിധിവിലക്കുകളെ പ്രതി കേരളസമൂഹം രണ്ടായി നിൽക്കുന്ന ഈ കാലത്ത്, ഇംഗ്ലണ്ടിൽ നിന്നു കോട്ടയത്തെ പള്ളത്തും പിന്നീട് മുണ്ടക്കയത്തും എത്തി അന്നത്തെ കേരളത്തിന്റെ പിന്നാക്കാവസ്ഥയോടു പടപൊരുതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തന്നെ ഒരു സ്ത്രീ കേരളത്തിൽ ഒട്ടാകെ അറിയപ്പെടുന്ന പ്രിന്റിങ് വിദഗ്ദ്ധയായി മാറിയിരുന്നു എന്നും അവർ പള്ളത്തും മുണ്ടക്കയത്തും ഓരോ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് പെൺകുട്ടികളെ വിദ്യാഭ്യാസത്തിലേക്കു നയിച്ചു എന്നതും മുത്തശ്ശിക്കഥപോലെ അവിശ്വസനീയമാകും.

അവർ അരങ്ങൊഴിഞ്ഞ് 121 വർഷങ്ങൾക്കിപ്പുറം, കേരളത്തിലെ പ്രിന്റിങ് മേഖലയിൽ ഫ്രാൻസെസെ ആനി ബേക്കർ എന്ന ചരിത്രവനിതയെ കണ്ടെടുക്കുകയാണ്, ഒഴിവുസമയ ഗവേഷകരായ ഷിജു അലക്സ്, സിബു സി ജെ, സുനിൽ വി എസ് എന്നിവർ. മലയാളം റിസർച്ച് ജേണൽ വാല്യം 11, ലക്കം 3ൽ പ്രസിദ്ധീകരിച്ച ഇവരുടെ പ്രബന്ധം പ്രധാനമായും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ പോയ മുണ്ടക്കയത്തെ ലിത്തോഗ്രാഫി അച്ചുകൂടത്തെ കുറിച്ചും അവിടെ നിന്ന് അച്ചടിച്ച ചിത്രങ്ങൾ വിദ്യാഭ്യാസമേഖലയിൽ അടക്കം വഹിച്ച സ്വാധീനത്തെ കുറിച്ചുമാണ്. മലയാളം റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ പ്രിന്റ് വേർഷൻ ലഭിക്കാൻ ഇവിടെ പോകാം: [2018-Mundakayam-press-Malayalam_research-journal-issue-32.pdf - Google Drive]