#സിനിമ

ശത്രുഘ്നാങ്കുരം പ്രശ്നം: പ്രകാശനെന്നെ പ്രേമിച്ച നേരത്തു നിനക്കെന്നെ പ്രേമിച്ചുകൂടായിരുന്നോ?

03 Feb, 2019

ദുർഗ്രഹങ്ങളായ നിരവധി ചോദ്യങ്ങളെ മനുഷ്യൻ നിത്യേന അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. വലിയ തത്വചിന്തകളുടെ എല്ലാം അടിസ്ഥാനം ഇത്തരം ചോദ്യങ്ങളാണ്. ഭാഷാപിതാവായ എഴുത്തച്ഛനൊക്കെ പദ്യങ്ങളിലൂടെ സംബോധന ചെയ്തിരിക്കുന്നത് ആഴമേറിയ അത്തരം ചോദ്യങ്ങളാണ്.

വത്സ സൗമിത്രേ കുമാര നീ കേൾക്കേണം എന്നൊക്കെ ചൊല്ലി ശ്രീരാമന്റെ വാക്കുകൾ എന്ന വ്യാജേന ചില ഉത്തരങ്ങളൊക്കെ എഴുത്തച്ഛൻ മലയത്തെ ആളുന്ന ജീവിവർഗത്തോടു പറയുന്നുണ്ട്. പക്ഷെ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. സിന്തെസിസിന്റെ അവസാനം മറ്റൊരു തീസിസും ആന്റി-തീസിസും ഉണ്ടാകുമെന്നാണല്ലോ ഹെഗൽ പറഞ്ഞിരിക്കുന്നതു തന്നെ.

കാലം പോകെ തീസിസുകളുടെ ഗഹനത വർദ്ധിക്കുന്നു. അതായതു ക്ലാസിക്കൽ കാലത്തു നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ അല്ല മലയാളുന്നോർക്ക് ഇക്കാലത്തു നേരിടേണ്ടി വരുന്നത്. കാലത്തിനനുസരിച്ച് അതു പുതിയ മാനങ്ങളെ കയ്യാൽ ആളുന്നു. ഉദാഹരണത്തിന് "പ്രകാശിനെന്നെ പ്രേമിച്ച നേരത്ത് നിനക്കെന്നെ പ്രേമിച്ചൂടാരുന്നോ?"

ശത്രുഘ്നാങ്കുരമായ പ്രശസ്ത ചോദ്യം. പരിണാമഗുപ്തിയ്ക്ക് ഏതാണ്ടടുത്തു വെച്ചാണല്ലോ എബിയ്ക്ക് ഇത്തരം ഒരു ചോദ്യം നേരിടേണ്ടി വരുന്നത്. അല്ലെങ്കിൽ സോനയുടെ മനസിൽ അങ്കുശിക്കുന്നത്. അതായത് എത്രമാത്രം ലളിതമായേനെ കാര്യങ്ങൾ. പ്രകാശിന് എന്നെ പ്രേമിച്ച നേരത്തു നിനക്കെന്നെ പ്രേമിച്ചൂടാരുന്നോ? എന്തുകൊണ്ടു ചെയ്തില്ല. അഥവാ ചെയ്തെങ്കിൽ എന്തുകൊണ്ടു ചൊല്ലിയില്ല?