#സിനിമ

താര കൊലപാതക മാഫിയ: ആരായിരിക്കും ഈ മോസ്റ്റ് ഡ്രെഡഡ് ക്രിമിനൽ സംഘത്തിന്റെ അടുത്ത ഇര?

28 Feb, 2019

മലയാളസിനിമയിലെ നായകനടന്മാരെ ഇല്ലാതാക്കാൻ ഇറങ്ങിയിരിക്കുന്ന രണ്ട് പേർ.

തന്റെ സിനിമകൾ സാമ്പത്തികമായി വിജയിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയും മികച്ച പ്രകടനം കൊണ്ടു പ്രേക്ഷകരുടെയും ക്രിട്ടിക്സിന്റെയും കയ്യടി നേടിയും സൂപ്പർസ്റ്റാർ പദവിയിലേക്കു വളരെ വേഗത്തിൽ എത്തിയ ദുൽഖർ സൽമാൻ ആയിരുന്നു ഇവരുടെ ആദ്യത്തെ ഇര.

പ്രണവ് മോഹൻലാൽ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ് എന്നിങ്ങനെ താരപുത്രന്മാർക്കു സിനിമാപ്രവേശനം എളുപ്പമാവുമ്പോൾ സിനിമയിൽ ബന്ധങ്ങളൊന്നുമില്ലാത്ത ദുൽഖറിനെ പോലുള്ളവർ ഏറെ കഷ്ടപ്പെട്ടാണു സ്വന്തം സിനിമാമോഹങ്ങൾ സാക്ഷാത്കരിക്കുന്നത്. ഒരിക്കൽ താൻ ചാൻസ് ചോദിച്ചു നടന്ന സംവിധായകരൊക്കെ ഇപ്പോൾ തന്റെ ഡേറ്റിന് കാത്തിരിക്കുകയാണ് എന്നറിഞ്ഞപ്പോഴും ദുൽഖർ ഒട്ടും അഹങ്കാരിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പാതിരാത്രി ബീച്ചിൽ വെച്ച് ഒറ്റയ്ക്ക് കിട്ടിയ ദുൽഖറിന്റെ പള്ളയ്ക്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ആയിരുന്ന ഇവർ കത്തി കുത്തിയിറയ്ക്കിയത്.

അടുത്ത പകൽ കാണാൻ ദുൽഖർ ഉണ്ടായിരുന്നില്ല. സ്വന്തം ഇക്കയെപ്പോലെ കരുതിയ ദുൽഖറിന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ ചെന്ന ഷെയ്ൻ എന്ന മറ്റൊരു നായകനെ സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കറും കൊറേ കഞ്ചാവും കൊടുത്ത് അവർ ഒതുക്കി. കഞ്ചാവിന്റെ കാര്യം ഷെയ്ൻ നിഷേധിക്കുമായിരിക്കും. കഞ്ചാവടിച്ചാൽ കുറേ ചിന്തിക്കേണ്ടി വരും, എനിക്കു ചിൽ ചെയ്യാനാണിഷ്ടം എന്നൊക്കെ പറയും.