#സിനിമ

കവികളെ കേസേൽപ്പിച്ചാൽ.....

04 Mar, 2019

കവികളെക്കൊണ്ടു പൊതുവെ വലിയ ശല്യമാണ്. ഒന്നും നേരെ പറയില്ല എന്നതാണു പ്രശ്നം. ധ്വനിപ്പിക്കുകയേ ഉള്ളൂ. കേൾക്കുന്നവന് എങ്ങനെയും വ്യാഖ്യാനിക്കാം. സംസ്കൃതം, അറബി, മലയാളം, ലാറ്റിൻ പോലെ ഓരോ വാക്കിനും പരസ്പരവിരുദ്ധമായ പതിനഞ്ച് അർഥങ്ങളുള്ള ഭാഷയാണെങ്കിൽ പറയുകയും വേണ്ട. റൂമിയും ഷെല്ലിയും കാളിദാസനും ഒന്നും ഒരപവാദമല്ല.

പൊതുവെ ക്രിട്ടിക്കൽ ആയ വിഷയങ്ങൾ കവികളെ ഏൽപ്പിക്കുന്നതു ഗുണകരമല്ല. വല്ല ജ്യോൽസ്യപ്രവചനമോ മറ്റോ ആണെങ്കിൽ പ്രശ്നമല്ല. പിടി കൊടുക്കാത്ത വിധത്തിൽ പറയുക എന്നതാണു ലക്ഷ്യം തന്നെ. ഹോമിയോ മരുന്ന് എഴുതിക്കൊടുക്കുന്ന ഡോക്ടർക്കും കവിത ആകാവുന്നതാണ്. ഒരു കുഴപ്പവുമില്ല. അതേ സമയം ജീവൽമരണ പ്രശ്നങ്ങളിൽ കവികളെ ഇടപെടുത്തരുത്.

ഇതറിഞ്ഞിട്ടും പ്രിയദർശന്റെ മോഹൻലാൽ അപ്പുക്കുട്ടൻ നായർ തന്റെ കേസ് കവിയെ ഏൽപ്പിക്കുന്നിടത്താണ് ചന്ദ്രലേഖയിൽ പ്ലോട്ട് ടെൻഷൻ ആരംഭിക്കുന്നത്. വീൽചെയറിൽ ഇരിക്കുന്ന ചന്ദ്രയെ നോക്കി അയാൾ കവിത ആലപിക്കുകയാണ്.

“നിന്റെ മൂക തപസ്സിൽ നിന്നും നീയുണർന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ….”