#മീഡിയ സ്കാൻ

കോട്ടൂരി ചരിത്രത്തിൽ നോക്കിയാൽ കാണാം തിരുവായ്ക്കൊരെതിർവാ: സാക്ഷാൽ മാത്യുച്ചായന്റെ പത്മവിഭൂഷണ തള്ളുകൾ!

19 May, 2019

കുഞ്ചൻ നമ്പ്യാരുടെ പുനരവതാരങ്ങളാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന മനോരമയിലെ ഫലിതപ്രതിഭകൾ നേരിടുന്ന ഒരു സ്വത്വപ്രതിസന്ധിയുണ്ട്.

ഉന്നം സിപിഎമ്മിന്റെ നേതാക്കളിലേയ്ക്കാവുമ്പോൾ ആദ്യം മുതലാളി ചിരിക്കണോ അതു കഴിഞ്ഞ് ജനം ചിരിച്ചാൽ മതിയോ എന്നതാണ് അവരെ അലട്ടുന്ന ക്രിയേറ്റീവ് ചലഞ്ച്. ജനത്തിനു ചിരി വന്നില്ലെങ്കിലും മുതലാളി "സബാഷ്" എന്നമറിയാൽ പരിപാടി ധന്യമാകും. അതിപ്പോ ചാനലിലെ "തിരുവാ എതിർവാ"യാണെങ്കിലും പത്രത്തിലെ ആഴ്ചക്കുറിപ്പുകളാണെങ്കിലും.

തിരുവാ എതിർവാ

അങ്ങനെയാണ് പിണറായി വിജയൻ കോട്ടു ധരിച്ചതിൽ ചിരിയുണ്ടെന്ന് തിരുവാ എതിർവാക്കാരൻ തീരുമാനിച്ചത്. എന്തത്ഭുതം... പരിപാടിയിൽ അതാ കേൾക്കുന്നു, കോട്ടയം കുഞ്ഞച്ചൻ സിനിമയിലെ ഡയലോഗ്. ഈ എപ്പിസോഡ് ഡെഡിക്കേറ്റു ചെയ്തിരിക്കുന്നത് കോട്ടയത്തെ തറവാട്ടുവീട്ടിലാണ് എന്ന് ഇതിനേക്കാൾ നന്നായി എങ്ങനെ ധ്വനിപ്പിക്കും?