#ഭാഷാശാസ്ത്രം

ലിപിയുടെ രാഷ്ട്രീയം ഭാഷയിൽ ഇടപെടുമ്പോൾ

കിഴക്കൻപാക്കിസ്ഥാനിലെ ബംഗ്ലാ മാതൃഭാഷാ പ്രക്ഷോഭ സ്മരണാർത്ഥം 1972ൽ പുനർനിർമ്മിച്ച ധാക്കയിലെ ഷൊഹീദ് മിനാർ (শহীদ মিনার). 1952 ഫെബ്രുവരി 23ന് ധാക്ക മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ സ്ഥാപിച്ച താത്ക്കാലിക രക്തസാക്ഷി മണ്ഡപം പൊലീസ് തകർത്തിരുന്നു. പല വട്ടം പുനർനിർമ്മിക്കപ്പെട്ട മണ്ഡപം പല പ്രാവശ്യം തകർക്കപ്പെട്ടിട്ടുമുണ്ട്.

24 Feb, 2019

ലോകമാതൃഭാഷാ ദിനമായിരുന്നു ഫെബ്രുവരി 21. കിഴക്കൻ പാക്കിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) ഉറുദു ഔദ്യോഗികഭാഷയായി അടിച്ചേല്പിക്കാൻ ശ്രമിച്ചതിനെതിരെ 1952 ഫെബ്രുവരി 21, 22 തീയതികളിലായി ധാക്ക സർവ്വകലാശാലയിലെയും ധാക്ക മെഡിക്കൽ കോളേജിലെയും വിദ്യാർത്ഥികൾ നടത്തിയ സേവ് ബംഗ്ല പ്രക്ഷോഭത്തിനു നേർക്കുനടന്ന പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കാണ്, ഐക്യരാഷ്ട്രസഭയുടെ സാംസ്കാരികവിഭാഗമെന്നു വിശേഷിപ്പിക്കാവുന്ന യുനസ്കോ ഈ ദിനത്തെ ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിലായിരുന്നു, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹായത്തോടെ പുറത്തിറക്കിയ ഗായത്രി എന്ന പുതിയ മലയാളം ഫോണ്ട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ഡോ. വി ആർ പ്രബോധചന്ദ്രൻനായർ ഡോ. നടുവട്ടം ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്തത്.

വിഘടിത ലിപി ഫോണ്ടായ ഗൂഗിൾ നോട്ടോസാൻസിൽ വെറും 318 ഗ്ലിഫ് മാത്രമുള്ളപ്പോൾ മഞ്ജരിയിൽ അത് 869ഉം ഗായത്രിയിൽ 1126ഉം ആണ്. മലയാള ലിപിസഞ്ചയത്തിലെ ഒരു ന്യൂനഗണം മാത്രമെടുത്തു ഫോണ്ടാക്കാതെ അക്ഷരങ്ങളെല്ലാം ഉൾപ്പെടുത്തുകയായിരുന്നു, ലക്ഷ്യം. റെഗുലർ, ബോൾഡ്, തിൻ എന്നീ മൂന്നു വേര്യന്റുകളിലായി തയ്യാറാക്കിയ ഫോണ്ടിലെ റെഗുലർ വേര്യന്റിൽ മാത്രം രണ്ടു ഗ്ലിഫ് കുറവുണ്ട്. മൂന്നിലേയും കൂടി ഗ്ലിഫുകൾ പ്രത്യേകം കണക്കിലെടുത്താൽ ആകെ 3376 ഗ്ലിഫുകൾ, അഥവാ അക്ഷരരൂപങ്ങൾ വരച്ചുചേർത്തിരിക്കുന്നു.

ഗായത്രി ഫോണ്ടിലെ ഭിന്നസംഖ്യകൾ അടങ്ങുന്ന ഭാഗം. ഹൈലൈറ്റ് ചെയ്തിരിക്കുന്നത് 3/20 യുടെ ചിഹ്നമാണ്

ബിനോയ് ഡൊമിനിൿ ഡിസൈനും കാവ്യ മനോഹർ ഓപ്പൺടൈപ്പ് എഞ്ചിനീയറിങ്ങും സന്തോഷ് തോട്ടിങ്ങൽ മേൽനോട്ടവും പൂർത്തിയാക്കി. മലയാളത്തിൽ മുമ്പ് ഉപയോഗത്തിലിരുന്ന അക്ഷരങ്ങളടക്കം യൂണിക്കോഡ് 11-ാം പതിപ്പു പ്രകാരം അംഗീകൃതമായ മലയാളത്തിലെ എല്ലാ മൂലാക്ഷരങ്ങളും അക്കങ്ങളും ഭിന്നസംഖ്യകളും സ്പെഷ്യൽ ക്യാരക്റ്ററുകളും ഇതിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അതായത്, പഴയ കണ്ടന്റ് ആർക്കൈവ് ചെയ്യാനടക്കം ഈ ഫോണ്ട് ഉപയോഗിക്കാം. മലയാളമെഴുതുമ്പോൾ പലപ്പോഴും ബ്രാക്കറ്റിലും മറ്റുമായി ഇംഗ്ലീഷും പ്രയോഗിക്കാറുള്ളതിനാൽ, മലയാളത്തിലെ ഡിസൈനോടു നീതി പുലർത്തുന്ന തരത്തിൽ ലാറ്റിൻ ഗ്ലിഫുകളും ചേർത്തിരിക്കുന്നു.