#ക്രിക്കറ്റ്

വിജയ് ശങ്കർ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഓൾറൗണ്ടർ അന്വേഷണങ്ങൾ

14 Jan, 2019

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പരിഹരിക്കാൻ ഒരുപാടു വിഭവങ്ങളുള്ള ഒരു പ്രശ്നമായിരുന്നില്ല നിലവാരമുള്ള ഒരു ഓൾ റൗണ്ടർ എന്നത്. കപിലിനു ശേഷം പന്തുകൊണ്ടും ബാറ്റുകൊണ്ടും കളി വിജയിപ്പിക്കാൻ പോന്ന ഒരു താരം എന്ന അന്വേഷണം കുറച്ചു നാൾ മനോജ് പ്രഭാകറിലും പിന്നെ ഇർഫാനിലും കൊണ്ടുനടന്നു എന്നതല്ലാതെ അതിനെ സാക്ഷാത്കരിക്കാൻ നമുക്ക് ആളില്ലായിരുന്നു എന്നതു തന്നെയാണു വാസ്തവം.

ഏകദിനത്തിൽ പ്രഭാകറിനും ഇർഫാനും ഇടയിൽ ഒരു റോബിൻ സിങ്ങ് ഉണ്ടായി കുറെക്കാലം. പക്ഷെ അയാൾ ബാറ്റു കൊണ്ടോ ബോളു കൊണ്ടോ അഞ്ചു ദിന ക്രിക്കറ്റിൽ അടയാളപ്പെടാൻ പോന്ന കളിക്കാരനായിരുന്നോ എന്ന കാര്യം സംശയമാണ്. ഏകദിനത്തിൽ അയാളുടെ കഴിവ്, സാധ്യതകൾ ഉപയോഗപ്പെടുത്താൻ വൈകി എന്നതു വിഭവദരിദ്രമായ അന്നത്തെ കാലത്ത് അക്ഷന്തവ്യമായ ഒരു സെലക്ഷൻ വീഴ്ച ആയിരുന്നു എന്നതു പക്ഷേ നിലനിൽക്കുകയും ചെയ്യും.

ഇന്നിപ്പോൾ ഇന്ത്യൻ ടീം അതിന്റെ പരമ്പരാഗത ദൗർബല്യമായ ബൗളിങ്ങ്, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളിങ്ങ് പ്രശ്നങ്ങൾ ഏതാണ്ടു പരിഹരിച്ചു കഴിഞ്ഞു. എന്നാൽ ഓൾറൗണ്ടർമാരുടെ അഭാവം ടീമിന്റെ ഘടനയെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമായി തുടരുകയും ചെയ്യുന്നു.