#ക്രിക്കറ്റ്

ചരിത്രനേട്ടത്തിന്റെ ക്രീസിൽ നോട്ടൗട്ടായി കേരളം

18 Jan, 2019

വയനാട്ടിൽ വച്ച് ഗുജറാത്തിനെ വെറും 81 റൺസിനു എറിഞ്ഞു ചുരുട്ടി കേരളം നേടിയതു ചരിത്രനേട്ടമാണ്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള നമ്മുടെ രെഞ്ജിട്രോഫി ചരിത്രത്തിലെ കന്നി സെമിഫൈനൽ പ്രവേശനം.

കഴിഞ്ഞ മാസം ചണ്ഡിഗറിൽ വച്ചു താരനിബിഡമായ പഞ്ചാബിന്റെ മുമ്പിൽ തകർന്നടിഞ്ഞപ്പോൾ വീണ്ടും ഒരിക്കൽ കൂടി ലീഗ് ഘട്ടത്തിലേ പുറത്താവുകയാണു വിധി എന്ന് ഉറപ്പിച്ചു കേരളത്തിലെ ക്രിക്കറ്റ് ആരാധകർ. അടുത്ത മൽസരത്തിൽ ഹിമാചലിന്റെ ഒന്നാമിന്നിംഗ്സ് സ്കോർ ആയ 297 പിന്തുടർന്ന കേരളം പൊരുതിയെങ്കിലും മൂന്നാം ദിവസം പതിനൊന്നു റൺ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിക്കൊണ്ട് അത് അവസാനിക്കുന്നു. തുടർന്നു രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഹിമാചൽ ഓൾ റൗണ്ടർ റിഷി ധവൻ നേടിയ 85 റൺസിന്റെ ബലത്തിൽ എട്ടു വിക്കറ്റിനു 285 റൺ നേടിനിൽക്കേ കാര്യങ്ങൾ ഏതാണ്ടു വ്യക്തമായി. ഒന്നുകിൽ സമനില. അല്ലെങ്കിൽ പരാജയം. രണ്ടായാലും കേരളത്തിന്റെ രഞ്ജി സീസൺ ഈ കളിയോടെ അവസാനിക്കും.

ഒന്നാമിന്നിങ്ങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ ഓൾ റൗണ്ടർ രാഘവ് ധവാൻ ക്രീസിൽ നിൽക്കേ ലീഡ് പരമാവധി ഉയർത്താൻ ശ്രമിക്കാതെ മൂന്നാം ദിവസം കളിയവസാനിക്കേ ഹിമാചൽ ഇന്നിംഗ്സ് ഡിക്ളയർ ചെയ്തത് അപ്രതീക്ഷിതമായിരുന്നു എന്നു പറയാം. പരമാവധി പോയിന്റോടെ നേരിട്ടുള്ള വിജയമായിരുന്നു ഹിമാചലിന്റെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തുവാനും ആവശ്യമായിരുന്നത് എന്നതിനാലാവാം അവർ അതിനു മുതിർന്നത്. എന്നാൽ നാലാം ദിവസം ഓപ്പണർ വി മനോഹരന്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും സഞ്ചു വി സാംസണിന്റെയും അർദ്ധ സെഞ്ച്വറികളുടെ മികവിൽ കേരളം കളി ജയിക്കുന്നു. ക്വാർട്ടറിൽ കടക്കുന്നു.

എന്നാൽ ചില്ലറക്കാരെയല്ല അവിടെ നേരിടാനുള്ളത്. കരുത്തരായ ഗുജറാത്തിനെയാണ്. അന്തർദേശിയ താരമായ ഫാസ്റ്റ് ബൗളർ മോഹിത് ശർമ്മ പരിക്കു മൂലമോ എന്തോ, കളിക്കുന്നില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു പലരും വിശേഷിപ്പിക്കുന്ന അവരുടെ ബുമ്ര വിശ്രമത്തിലാണ്. എന്നാലും പിന്നെയുമുണ്ട് മൂന്ന് അന്തർദേശിയ താരങ്ങൾ, പാർത്ഥിവ് പട്ടേൽ, അക്ഷർ പട്ടേൽ, പിയൂഷ് ചൗള. മറുപക്ഷത്തോ നാലുപേർ കേട്ടാൽ അറിയുന്നതായി രണ്ടേ രണ്ട് താരങ്ങൾ. ഇന്ത്യൻ കുപ്പായത്തിൽ സിംബാബ് വേക്കെതിരേ ഒരു ടി റ്റ്വെന്റി കളിച്ച പാരമ്പര്യം പറയാവുന്ന സഞ്ചു. പിന്നെ ഐ പി എൽ വഴി ശ്രദ്ധേയനായ ബേസിൽ തമ്പിയും.