#ക്രിക്കറ്റ്

രണ്ടിലാരെന്നതല്ല, പ്രതീക്ഷ നൽകുന്നൊരു കോംബിനേഷൻ: ഹാർദിക്+ വിജയ്ശങ്കർ

20 Mar, 2019

പേസ് ബൗളിങ്ങ് ഓൾ റൗണ്ടർമാർ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു അപൂർവ്വ ഇനമാണ്. അതുകൊണ്ടുതന്നെ കേള്‍ക്കുന്ന മാത്രയില്‍ ആവേശം ജനിപ്പിക്കുന്നതും. എന്നാല്‍ ഉയര്‍ന്ന പല ആവേശങ്ങളും എങ്ങുമെത്താതെ തകര്‍ന്നതാണു ചരിത്രം. ഇപ്പോൾ ഇത് ഓർക്കാൻ കാരണം അടുത്തകാലത്തു പ്രതീക്ഷ നൽകിയ ഒരു ഓൾ റൗണ്ടർ പരിക്കിന്റെ പിടിയിലാവുകയും ആ ഗ്യാപ്പിൽ ഉയർന്നുവന്ന ഒരു താരം ഈ കഴിഞ്ഞ ഏകദിനത്തിലെ ഹീറൊ ആവുകയും ചെയ്ത പശ്ചാത്തലം തന്നെ.

കപിലിനു ശേഷം ആരെന്ന ചോദ്യത്തിന് അദ്ദേഹം ഉള്ളപ്പോള്‍ തന്നെ ഉയര്‍ന്നുവന്ന ഉത്തരങ്ങളായിരുന്നു മനോജ്‌ പ്രഭാകറും റോബിന്‍ സിംഗും. 83ല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങിയ മനോജ്‌ ഒരു വര്‍ഷം കൊണ്ടു ദേശിയ ടീമിലെത്തി. 84ല്‍ തുടങ്ങിയ പ്രഭാകറിന്റെ ടെസ്റ്റ്‌ കരിയര്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു തിരിച്ചുവരവിലൂടെയാണു പുഷ്പിച്ചത്. എന്നിട്ടും അതു മുപ്പത്തിയൊമ്പതു ടെസ്റ്റില്‍ നൂറിനുള്ളില്‍ വിക്കറ്റും രണ്ടായിരത്തിനുള്ളില്‍ റണ്‍സുമായി അവസാനിച്ചു. മനോജിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തുടങ്ങിയ റോബിന്റെ കന്നിയങ്കം പക്ഷെ തുടങ്ങുന്നത് 89ലാണ്. അതാവട്ടെ കരീബിയന്‍ പരമ്പരയിലെ ആ ഒരു മത്സരത്തില്‍ അവസാനിച്ചു. പിന്നെ അസാദ്ധ്യമെന്നു തോന്നിച്ച ഒരു തിരിച്ചുവരവ് റോബിനു സാദ്ധ്യമായത് അയാളുടെ മുപ്പത്തിമൂന്നാമത്തെ വയസിലാണ്. അതും ഒരു ടെസ്റ്റ്‌ ബാക്കിവച്ചാല്‍ ഏകദന ക്രിക്കറ്റില്‍ മാത്രമായി ഏതാനും വര്‍ഷങ്ങള്‍. അവിടെ തീര്‍ന്നു റോബിന്‍ സിംഗ്.

ഇര്‍ഫാന്‍ ടെസ്റ്റില്‍ അഞ്ചു വര്‍ഷം കൊണ്ടു നൂറു വിക്കറ്റും ആയിരം റണ്‍സും എന്ന നേട്ടം സ്വന്തമാക്കി. ഏകദിനത്തില്‍ ആയിരത്തിയഞ്ഞുറും നൂറ്റി എഴുപത്തിമൂന്നു വിക്കറ്റും. അയാള്‍ ഇപ്പോഴും കളിക്കുന്നുണ്ട്. പക്ഷെ ഇനിയിയൊരു മടങ്ങിവരവ് അയാളുൾപ്പെടെ ആരും പ്രതീക്ഷിക്കുന്നു എന്നു തോന്നുന്നില്ല.

ഇവരൊക്കെയും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കാള്‍ മികച്ച പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ച വച്ചവരാണ്. എന്നാല്‍ കപിലിനെ പോലെ കൺസിസ്റ്റന്റായ പ്രകടനം ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ ദീർഘകാലം കാഴ്ചവയ്ക്കാൻ ഇവർക്കാർക്കും ആയില്ല. ഹാർദിക്കിനോ വിജയ് ശങ്കറിനോ അതാവുമോ എന്നതല്ല ഇന്ത്യ ഉറ്റുനോക്കുന്നതും. അതു മറ്റൊരു കോമ്പിനേഷനാണ്.