#ക്രിക്കറ്റ്

ഐ പി എൽ: ആർ സി ബിയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു ദേശീയ ആവശ്യമാണ്

08 Apr, 2019

ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഗോൾഡൻ ബൊയാണു വിരാട് കോലിയെന്നതിൽ സംശയമില്ല. എം എസ് ധോണിക്കു ചേർന്ന പിൻഗാമി തന്നെ.

സ്വന്തം പ്രകടനം കൊണ്ടും ടീമിന്റെ പ്രകടനം കൊണ്ടും ധോണി ഗതിവേഗം നൽകിയ ഇന്ത്യൻ ക്രിക്കറ്റിനെ അവിടെ നിന്നും മുമ്പോട്ടു കൊണ്ടുപോകാൻ കോലിക്കായി. വിദേശ പരമ്പരകളിലെ പ്രകടനമായിരുന്നു ഇന്ത്യയുടെ പരമ്പരാഗത അക്കില്ലസ് ഹീൽ. അതൊരു പരിധിവരെയെങ്കിലും പരിഹരിക്കാൻ, മുമ്പോട്ട് കൊണ്ടുപോകാൻ കോലിക്കു കഴിഞ്ഞു.

എന്നുവച്ചു ധോണിയുടെ ഷെൽഫിൽ ഉള്ളതുപോലെ ടി റ്റ്വെന്റി ലോകകപ്പ്, ഏകദിന ലോകകപ്പ് കിരീടങ്ങൾ കോലിയുടെ ഷെൽഫിൽ ഉണ്ടാവില്ല. എന്നാൽ അതിലുപരി അയാളെ നിരാശനാക്കുന്നതു മറ്റൊന്നാണ്. ലോകത്തിലെ തന്നെ ഫ്രഞ്ചൈസ് ക്രിക്കറ്റിലെ ഒന്നാം നംബർ ലീഗിൽ ഇനിയും മുത്തമിടാനാവാത്തത്.

2019 ഏപ്രിൽ ആറാം തിയതി വെള്ളിയാഴ്ച തുടർച്ചയായി അഞ്ചാം പരാജയം സമ്മതിക്കുമ്പോൾ കോലിയിൽ ഇനിയൊന്നും മുമ്പോട്ടു വയ്ക്കാനില്ലാത്ത ഒരു തോറ്റ നായകന്റെ ശരീരഭാഷയുണ്ടായിരുന്നു. ആർ സി ബിയുടെ പരമ്പരാഗത പ്രശ്നവും ഇതു തന്നെയായിരുന്നു. എല്ലാം ശരിയാവും, കളി ജയിക്കുന്നതൊഴിച്ച്. ഈ കളിയിലും അവസാന നാലോവർ വരെ വിജയിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാനില്ലാത്തിടത്തുനിന്ന് അവർ തോറ്റു. അതാവട്ടെ ആദ്യമായൊ, രണ്ടാമതോ, മൂന്നാമതൊ അല്ല താനും.