#ക്രിക്കറ്റ്

ക്യാപ്റ്റൻ കൊഹ്ലിയുടെ നൊമ്പരം: ഐ പി എൽ ആയാലും ലോകകപ്പായാലും ടീം തിരഞ്ഞെടുപ്പ്

16 Apr, 2019

വരാനിരിക്കുന്ന ലോകകപ്പിലേക്കുള്ള പതിനഞ്ചംഗ ടീമിനെ നിശ്ചയിച്ച ദിവസം തന്നെ ക്യാപറ്റൻ വിരാട് കോഹ്ലിക്ക് ഐ പി എല്ലിൽ നിന്നു തന്റെ ടീമായ ആർ സി ബി പുറത്താവുന്നതും കാണേണ്ടിവന്നു. അത്ഭുതങ്ങളല്ല, ഇന്ദ്രജാലങ്ങൾ സംഭവിച്ചാലേ കോഹ്ളിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളുർ ഇനി ഐ പി എൽ ലീഗ് ഘട്ടം കടക്കൂ.

എന്നാൽ ഐ പി എൽ കഴിഞ്ഞു ലോകകപ്പ് തുടങ്ങുമ്പോൾ കഥ മാറും. ഇന്നത്തെ കളി ഏതാണ്ട് ഒറ്റയ്ക്ക് കോഹ്ളിയുടെ ആർ സി ബിയിൽനിന്നും തട്ടിയെടുത്ത താരം, ഹാർദിക് പാണ്ഢ്യ ലോകപ്പിൽ അയാളുടെ തുറുപ്പു ചീട്ടാവും. കൊഹ്ലിയുടെ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രതിരോധത്തിലായ ആർ സി ബിയെ അതിൽ പുറത്തുകടത്തിയത് പാർത്ഥിവിന്റെ കാമിയോ ഇന്നിംഗ്സാണ്. അതിനു വിമാരമമിട്ടത് ഹാർദ്ദിക്. മൂന്നോവറിൽ 21 റൺസിന് ഒരു വിക്കറ്റ് എന്നത് 8.55 ശരാശരിയിൽ സ്കോറിംഗ് നടന്ന ഒരു മൽസരത്തിൽ മികച്ച പ്രകടനം തന്നെയാണ്. തുടർന്നു 16 പന്തിൽ 37 റണ്ണും.

ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും സാക്ഷാൽ ഏ ബി ഡി കളം നിറഞ്ഞാടുമ്പൊഴും അയാൾ പന്തെറിഞ്ഞ വിധവും ആർ സി ബി ക്യാപ്റ്റനു മുറിവേൽപ്പിച്ചുവെങ്കിലും ഇന്ത്യൻ ക്യാപ്റ്റനു പ്രതീക്ഷ നൽകുന്നതാണ്. പവർ പ്ളേയിലും ഡെത്ത് ഓവറുകളിലും രണ്ട് ഓവർ വീതമെറിഞ്ഞ ബുമ്ര നാലോവറിൽ വഴങ്ങിയത് 22 റൺ. കളിയിലെ ശരാശരി സ്ട്രൈക് റേറ്റ് 8.55 ആയിരിക്കേ, 5.50 ശരാശരി. സ്വന്തം ടീമിൽ കളിച്ച യുവേന്ദ്ര ചെഹലും പ്രതീക്ഷ നിലനിർത്തുന്ന പ്രകടനമാണു കാഴ്ച വച്ചത്. നാലോവറിൽ 27 റണ്ണിനു രണ്ട് വിക്കറ്റ്.

എന്നാൽ രോഹിത് ശർമ്മയുടെ ഇന്നിംഗ്സ് എടുക്കുക. ആർ സി ബി ക്യാപ്റ്റനു കളി തോൽക്കാൻ വേണ്ടത് ആദ്യ ആറൊവറിൽ തന്നെ രോഹിത്, ഡി കോക് സഖ്യം ചെയ്തിരുന്നു. പവർ പ്ളെയിൽ വിക്കറ്റു പോകാതെ അറുപതിലധികം റൺ. എന്നാൽ ഇന്ത്യയുടെ ഒന്നാം നംബർ ബാറ്റ്സ്മാൻ ഈ കളിയിലും കാര്യമായ ഒരു സ്കോർ നേടാതെ 19 പന്തിൽ നിന്നും 28 റൺ എടുത്ത് പുറത്തായി. ഈ ഐ പി എലിൽ ആദ്യമായി എല്ലാ കളിയും ഓപ്പൺ ചെയ്തിട്ടും ഇനിയും രോഹിത് ശ്രദ്ധേയമായൊരു ഇന്നിംഗ്സ് കളിച്ചിട്ടില്ല എന്നത് ആർ സി ബി ക്യാപ്റ്റന് ആശ്വാസമാകാമെങ്കിലും ഇന്ത്യൻ ക്യാപ്റ്റന് ആശങ്കാകരമാണ്.