#ക്രിക്കറ്റ്

ഐ പി എല്ലൊക്കെ ഇപ്പൊഴും കാണുന്ന വിഢികളുണ്ടോ?

23 Apr, 2019

ക്രിക്കറ്റിലെ കോഴ വിവാദങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ ഇതൊരു കളിയല്ല, നാടകമാണ്, കാണുന്നവർ വിഡ്ഢികളാണെന്നൊക്കെ ഒരു ബുദ്ധിജീവി വിമർശനമുണ്ട്. പ്രത്യേകിച്ച് ഐ പി എൽ. പക്ഷേ കൊല്ലങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ജനകീയ അംഗീകാരത്തിന് ഒരു കോട്ടവുമില്ല. കാരണം റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും ചെന്നൈ സൂപ്പർ കിങ്ങ്സും തമ്മിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 21ആം തിയതി രാത്രി നടന്നതുപോലുള്ള കളികളാണ്.

ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയും അവസാനക്കാരായ ബാംഗ്ളൂരും. റോയൽ ചലഞ്ചേഴ്സ് ചെന്നൈക്കെതിരെ ഒരു മൽസരം ജയിക്കുന്നതു വർഷങ്ങൾക്കു മുമ്പ്. ആദ്യ മൽസരത്തിൽ ബാംഗ്ളൂരിനെ നൂറിനുള്ളിൽ ചുരുട്ടി അനായാസം ജയിച്ച ചെന്നൈ.

ഇരുനൂറു റണ്ണും സുരക്ഷിതമല്ല എന്നു കരുതുന്ന പിച്ചിൽ ബാംഗ്ളൂരിന്റെ ടോട്ടൽ 161ലൊതുക്കി ചെന്നൈ ബൗളർമാർ. ഡിവിലെയ്സ് ഉൾപ്പെടെയുള്ള പലരും വമ്പൻ അടിക്ക് ശ്രമിച്ച് പുറത്തായത് ആദ്യം പറഞ്ഞ തിരക്കഥയനുസരിച്ചു നടക്കുന്ന കളി എന്ന തോന്നൽ ബലപ്പിക്കാവുന്ന അവസ്ഥ.

തുടർന്നു സി എസ് കെയുടെ ഇന്നിംഗ്സ് തുടങ്ങുന്നു. സ്റ്റെയിനിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ്. ഓ, അതും ഒരാവേശം ജനിപ്പിക്കാൻ വേണ്ടി തിരക്കഥയിൽ ഉൾപ്പെടുത്തിയതാവും. ഓകെ. പവർപ്ലേ കഴിയുന്നതിനുമുമ്പു നാലു വിക്കറ്റ് ചെന്നൈക്കു നഷ്ടമായി. തുടർന്നു റായിഡു, ധോണി കൂട്ടുകെട്ട് നിരങ്ങി മുമ്പോട്ടു പോയി. അതൊന്നു ചലിച്ചു തുടങ്ങിയപ്പൊഴേയ്ക്കും റായിഡു പുറത്ത്.