#ക്രിക്കറ്റ്

ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലോകകപ്പ്? ആദ്യവാരം പറയുന്നു, മേ ബി യെസ്!

09 Jun, 2019

പത്തു ടീമുകൾ പരസ്പരം കളിക്കുന്ന 45 മൽസരങ്ങൾ. അതിൽ മികച്ച നാലു ടീമുകൾ സെമിയിൽ. പിന്നെ ഫൈനൽ. ഈ ഘടന ചില ടീമുകളെ നേരിടാതെ ചിലർക്കു മുമ്പോട്ടു പോകാനാവുന്ന, ഭാഗ്യം കൊണ്ട് താരതമ്യേനെ വെല്ലുവിളി കുറഞ്ഞ ഗ്രൂപ്പിൽ മൽസരിക്കാവുന്ന, കെനിയയെപ്പോലൊരു ടീമിനും സെമിയിലെത്താവുന്ന സാധ്യതകളെയൊക്കെയും ഇല്ലാതാക്കുന്നു.

ഇവിടെ എല്ലാവർക്കും എല്ലാവർക്കുമെതിരെ കളിച്ചേ മതിയാവു. അതുകൊണ്ടുതന്നെ ദുർബലം എന്നു വിലയിരുത്തപ്പെടുന്ന ഒരു ടീമാണെങ്കിൽ പോലും സെമിയിൽ എത്തിയാൽ അതിനെ ഭാഗ്യം എന്നു വിലയിരുത്താനാവില്ല. ഒൻപതു കളികളിലെ പ്രകടനമാവും അടുത്ത ഘട്ടത്തെ നിർണ്ണയിക്കുക എന്നത് എല്ലാ ടീമുകൾക്കും നീണ്ട ഒരു സാധ്യതക്കാലം നൽകുന്നു, ഒപ്പം വെല്ലുവിളിക്കാലവും.

ഇത്തരമൊരു ഫിക്സ്ചർ മാത്രമല്ല ഈ ലോകകപ്പിനെ മികച്ചതാക്കുന്നത്. ഇതിൽ പങ്കെടുക്കുന്നത് പത്തു ടീമുകളാണ്. അതിൽ താരതമ്യേനെ ദുർബലം എന്നല്ലാതെ ദുർബലം എന്നു വിളിക്കാവുന്ന ഒരു ടീമും ഇന്നില്ല. ആദ്യവാരം കഴിയുമ്പോൾ അത് ടേബിളിലും പ്രതിഫലിക്കുന്നുണ്ട്. മെയ് മുപ്പതിനു തുടങ്ങിയ ലോകകപ്പിന്റെ ഒൻപതാം ദിവസം പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പിലെ 11ആം കളി മഴ കാരണം ഉപേക്ഷിക്കപ്പെടുമ്പോൾ ടേബിളിൽ പോയിന്റില്ലാതെ ആകെ രണ്ട് ടീമേ ഉള്ളു. അതിൽ ഒന്ന് അഫ്ഗാനിസ്ഥാൻ. പ്രതീക്ഷിതം തന്നെയെന്നു വെക്കാം. എന്നാൽ മറ്റേതോ? ഏറ്റവും മൽസരം കളിച്ച ടീമുകളിൽ ഒന്ന്. ക്രിക്കറ്റ് റാങ്കിങ്ങിൽ എന്നും ആദ്യ ആറിനുള്ളിൽ വരുന്ന ടീം. സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നു കളി കഴിഞ്ഞിട്ടും പോയിന്റില്ല!

ഒന്നിലധികം അട്ടിമറികൾ ഇതിനോടകം നടന്നുകഴിഞ്ഞു. ചിലത് കഷ്ടിച്ച് ഒഴിവായി. ബംഗ്ളാദേശ് സൗത്താഫ്രിക്കയ്ക്കെതിരേ നേടിയത് ശരിക്കും ഒരു അട്ടിമറി വിജയമായിരുന്നു. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ്ങ് നിരകളിൽ ഒന്നിനെതിരെ മുന്നൂറിലധികം റൺ നേടി അതിനെ പ്രതിരോധിക്കാൻ ബംഗ്ലാ പടയ്ക്ക് കഴിഞ്ഞു. മറ്റൊരു അട്ടിമറി ടൂർണമെന്റിലെ ഫേവറിറ്റുകളായ ആതിഥേയരെ കാത്തിരുന്നതാണ്. പാകിസ്ഥാൻ അവർക്കെതിരെ മുന്നൂറിലധികം റൺ നേടി എന്നു മാത്രമല്ല, അഞ്ഞൂറടിച്ചാലും സുരക്ഷിതമല്ല എന്നു കരുതപ്പെടുന്ന (സമീപകാലത്ത് അവർക്ക് അനുഭവവുമുള്ള) ഒരു ബാറ്റിങ്ങ് നിരയ്ക്കെതിരെ അതു പ്രതിരോധിക്കുകയും ചെയ്തു.