#ക്രിക്കറ്റ്

യുവിയെന്ന അനശ്വരപോരാളിക്കെന്തിനൊരു ചടങ്ങ് വിടവാങ്ങൽ മൽസരം!

11 Jun, 2019

രണ്ടായിരത്തിലെ യൂത്ത് ലോകകപ്പിൽ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ മദ്ധ്യനിരയിൽ ഒരു ഇടം കയ്യൻ ബാറ്റ്സ്മാനുണ്ടായിരുന്നു. ഒഴുക്കും ഭംഗിയും കരുത്തുമൊത്തുചേരുന്ന അവന്റെ ബാറ്റിംഗ് ശൈലി അന്നേ പണ്ഡിതരും അല്ലാത്തവരുമായ കാണികളുടെ മനം കവർന്നു.

ബാറ്റിംഗ് മാത്രമല്ല, മദ്ധ്യ ഓവറുകളിൽ എതിർടീമിലെ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കുന്ന കൃത്യതയാർന്ന ഇടംകൈയ്യൻ സ്പിൻ. ഇതു രണ്ടും കൂടാതെ ഇൻ ഫീൽഡിലും ഔട്ട് ഫീൽഡിലും ഒരുപോലെ മികവുള്ള ഫീൽഡിങ്ങ്. ജോൻടി റോഡ്സിനെപ്പോലെ ഡൈവ് ചെയ്യാനാവും എന്ന അവകാശവാദവുമായി വന്ന ആ കൗമാരക്കാരന്റെ പേരാണു യുവരാജ് സിംഗ്.

രണ്ടായിരത്തിൽ തന്നെ ഇന്ത്യൻ ഏകദിന ടീമിലെത്തിയ യുവിക്ക് ആദ്യകളിയിൽ കെനിയക്കെതിരെ ബാറ്റിംഗിനു അവസരം ലഭിച്ചില്ല. അങ്ങനെ അയാളുടെ ബാറ്റു കൊണ്ടുള്ള കന്നിയങ്കം ഓസ്ട്രേലിയയ്ക്ക് എതിരേയായി. ലോകത്തെ ഒന്നാം നമ്പർ ടീം, മഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലസ്പിയും ഹാർവിയുമടങ്ങുന്ന ബൗളിങ്ങ് നിര. അതിനെതിരെ അയാൾ അന്നു നേടിയ 84 റൺ ഒരു കളിക്കാരനെന്ന നിലയിൽ അയാളുടെ പ്രതിഭയെ ഉച്ചത്തിൽ വിളിച്ചു പറയുന്ന ഒന്നായിരുന്നു. മനോഹരമായ ബാക്ഫുട്ട് പഞ്ചുകൾ, ഫ്രണ്ട് ഫുട്ടിലെ അനായാസ സുന്ദരമായ ഡ്രൈവുകൾ. ലെഗ്സൈഡിൽ യുവിക്കു മാത്രം പറ്റുന്ന തരം ചില പിക്കപ്പ് ഷോട്ടുകൾ.

ഒരു ടെസ്റ്റും ആറ് ഏകദിനമൽസരങ്ങളും കളിച്ച അന്താരാഷ്ട്ര താരമായിരുന്ന യോഗ് രാജ് സിങ്ങിന്റെ മകൻ അരങ്ങേറ്റ പരമ്പര തെല്ലും മോശമാക്കിയില്ല. അടുത്ത കളിയിൽ അന്നു ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളർ അലൻ ഡൊണാൾഡിനെ തുടരെ ബൗണ്ടറികൾക്കു പായിച്ച 40 റണ്ണിന്റെ ഒരു കാമിയോ ഇന്നിംഗ്സ് കൂടിയായപ്പോൾ ക്രിക്കറ്റ് ലോകം പറഞ്ഞു, ഈ പയ്യനെ സൂക്ഷിക്കണം.