#ക്രിക്കറ്റ്

ബെസ്റ്റ് ഓഫ് ലക്ക് ടീം ഇന്ത്യ...

08 Jul, 2019

ഇന്ത്യ സെമിയിലെത്തി. അതും ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട്. കളിച്ച ഒമ്പതു കളികളിൽ ഇംഗ്ളണ്ടിനെതിരെ മാത്രമേ ഇന്ത്യ പരാജയം രുചിച്ചുള്ളൂ. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയാവട്ടെ നമുക്കെതിരെ ഉൾപ്പെടെ രണ്ടു തോൽവികളുമായാണു സെമിയിൽ എത്തിയിരിക്കുന്നത്.

ഓസ്ട്രേലിയക്ക് തങ്ങളെ പരാജയപ്പെടുത്തിയ രണ്ടു ടീമുകളിൽ ഒന്നിനെ ഇനി നേരിടേണ്ടതില്ല. ദക്ഷിണാഫ്രിക്ക ടൂർണ്ണമെന്റിൽ നിന്നും പുറത്തായിക്കഴിഞ്ഞു. ബാക്കിയുള്ളത് ഇന്ത്യ മാത്രം. അവരെ സെമിയിൽ നേരിടെണ്ടതുമില്ല. എന്നാൽ ഇംഗ്ളണ്ടിനതല്ല അവസ്ഥ. അവർ തോറ്റ കളിയിൽ ബെൻ സ്റ്റോക്സിന്റെ വിക്കറ്റ് പിഴുത സ്റ്റാർക്കിന്റെ പന്തുൾപ്പെടെ പല ദുസ്വപ്നങ്ങളും ഉണ്ടാവും ഉപബോധതലത്തിൽ.

നോക്കൗട്ട് സ്റ്റേജിലേക്ക് കോളിഫൈ ചെയ്ത നാലു ടീമുകളിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ന്യൂസിലാൻഡ് തന്നെയാവണം ബെറ്റർ ചോയിസ്. അതുകൊണ്ട് ഇന്ത്യൻ ടീം പരാതി പറയാനും ഇടയില്ല, ഉള്ള ഒൻപത് കളികളിൽ മഴ പൂർണ്ണമായും ഒഴുക്കിക്കളഞ്ഞ ഒരു കളി അവർക്കെതിരെ ഉള്ളതായിരുന്നുവെങ്കിലും. അതായത് എല്ലാ ടീമും പരസ്പരം ഏറ്റുമുട്ടുന്ന ഒരു ലീഗ് സ്റ്റേജ് ഉള്ള കോമ്പറ്റിഷനിൽ നിന്നും സെമിയിൽ എത്തിയ ടീമുകൾ എന്ന നിലയിൽ പരസ്പരം പരാജയപ്പെടുത്താത്ത രണ്ടു ടീമുകൾ സെമിയിൽ മാറ്റുരയ്ക്കുക എന്ന സാധാരണഗതിയിൽ അസാധ്യമായ ഒരു സാധ്യതയാണിവിടെ സംഭവിക്കാൻ പോകുന്നത്.

ഏതു ഗംഭീര ടീമും ഒരു ദിവസം തോൽക്കാം. അങ്ങനെ വരുമ്പോൾ വിന്നിങ്ങ് മൊമന്റം ആണു പ്രധാനമാവുക. ആ മൊമന്റത്തിൽ ഉള്ള രണ്ടു ടീമുകളാണ് ഇന്ത്യയും ഇംഗ്ളണ്ടും. അവസാന രണ്ടു കളികളും തരക്കേടില്ലാത്ത മാർജിനിൽ ജയിച്ചവർ. അവർ തമ്മിലാവും കലാശമെങ്കിൽ അതു ഗംഭീരമാകും. പക്ഷേ അതിനാദ്യം ഇന്ത്യ ന്യൂസിലാണ്ടിനെയും പിന്നെ ഇംഗ്ളണ്ട് ഓസ്ട്രേലിയയെയും തോൽപ്പിക്കണം എന്നു മാത്രം.