#ടെററിസം

ശ്രീലങ്കയിൽ നിന്നു കേരളത്തിലേക്കുള്ള ദൂരം!

എതിരാളികൾ പണ്ടു ജനതാദളിനെ വിശേഷിപ്പിച്ചത് "പ്രതിസന്ധിയിൽ ജനിച്ച്, പ്രതിസന്ധിയിൽ ജീവിച്ച്, പ്രതിസന്ധിയിലൂടെ മരിക്കാൻ വിധിക്കപ്പെട്ട പാർട്ടി'' എന്നായിരുന്നു. ഇതിലെ പ്രതിസസി എന്ന വാക്കു മാറ്റി ഭീകരത എന്നാക്കിയാൽ ഐസിസ് എന്ന പ്രതിഭാസത്തെ കൃത്യമായി അടയാളപ്പെടുത്താം.

മൂന്നു പതിറ്റാണ്ടിലധികമായി അമേരിക്കയും ശിങ്കിടികളും ചേർന്നു പശ്ചിമേഷ്യയിലും അഫ്ഗാനിലും അഴിച്ചു വിട്ട ഭീകരതയിൽ നിന്നാണ് ഐസിസ് ഉടലെടുക്കുന്നത്. ഇറാഖിലെ അമേരിക്കൻ ഭീകരതയുടെ ഈറ്റില്ലമായിരുന്ന ഫല്ലൂജ പോലുള്ള സ്ഥലങ്ങളിലാണ് ഐസിസ് ആദ്യം വേരൂന്നുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾക്കു കുപ്രസിദ്ധമായിരുന്ന 'ക്യാംപ് ബുകാ' എന്ന അമേരിക്കൻ തടവറയിലെ അന്തേവാസികളായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയും സഹ തടവുകാരുമാണ് പിന്നീട് പുറത്തിറങ്ങിയ ശേഷം ഐസിസ് രൂപീകരിക്കുന്നതു തന്നെ.

അമേരിക്കൻ ഭീകരതയിൽ നിന്ന് ഉടലെടുത്ത ഐസിസ് ഒരു ഭീകര പ്രതിഭാസമായി മാറിയപ്പോഴും അതിനെ എങ്ങനെ തങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കാമെന്നതിലായിരുന്നു അമേരിക്കയുടെ കണ്ണ്. അതേ സാമ്രാജ്യത്ത താൽപര്യങ്ങൾ പാലൂട്ടി വളർത്തിയ അങ്ങേയറ്റം സങ്കുചിതമായ വഹാബിസമെന്ന തീവ്ര ഇസ്ലാമിക വ്യാഖ്യാനമായിരുന്നു ഐസിസിന്റെ ജീവവായു. സ്വാഭാവികമായും ഐസിസ് അമേരിക്കൻ താൽപര്യങ്ങളോട് വലിയ തോതിൽ ഏറ്റുമുട്ടിയിട്ടുമില്ലായിരുന്നു. ഇറാന്റെ പാവയായി അമേരിക്ക കണ്ടിരുന്ന ഇറാഖ് പ്രസിഡന്റ് നൂരി അൽ മാലികി ഭരിക്കുന്ന സമയം ഐസിസിനെ ബോംബിങ്ങിലൂടെ ആക്രമിക്കാതിരുന്നത് "മാലികിക്കെതിരായ സമ്മർദം ദുർബലമാവുന്നതിനാൽ" ആയിരുന്നുവെന്നാണ് ഒബാമ തന്നെ പിന്നീടു സമ്മതിച്ചത്. ഐസിസ് അവസരം മുതലാക്കി മൊസുൽ അടക്കമുള്ള ഇറാഖിന്റെ തന്ത്രപ്രധാന മേഖലകൾ കയ്യടക്കി വൻഭീകരത അഴിച്ചുവിട്ടു. അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പ്രതിരൂപമായിരുന്ന മാലികി അമേരിക്ക കണക്കുകൂട്ടിയതു പോലെ തന്നെ ഒഴിഞ്ഞുപോവേണ്ടി വരികയും ചെയ്തു.