#ടെററിസം

വിശ്വാസം വർഗ്ഗരഹിതമല്ല: അതിന്റെ ചാവേറുകൾ അക്ഷരാഭ്യാസമില്ലാത്തവരാകണമെന്നുമില്ല

ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിൽ ചാവേറുകളായവരെക്കുറിച്ചുള്ള വ്യക്തിഗത വിശദാംശങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു കഴിഞ്ഞു. അതിൽ നിന്നും മനസിലാവുന്നത് ആ ചാവേർ ആക്രമണ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ ഒൻപതു പേരിൽ തിരിച്ചറിയപ്പെട്ട എട്ടു പേരും സമ്പന്ന കുടുംബങ്ങളിൽനിന്നുമുള്ള വിദ്യാസമ്പന്നരും ഉന്നത സാമൂഹ്യപദവികൾ അലങ്കരിക്കുന്നവരുമായ മനുഷ്യരാണെന്നും.

സംഘത്തിലുള്ളവരിൽ ചുരുങ്ങിയതു മൂന്നു പേർ ഒരു കുടുംബത്തിലുള്ളവരാണെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. അതിസമ്പന്നനായ ഒരു സുഗന്ധവ്യഞ്ജന വ്യാപാരിയുടെ കുടുംബത്തിലെ രണ്ടു സഹോദരന്മാർ; മൗലവി സഹരാന എന്ന മതപ്രഭാഷകനൊപ്പം അവരാണീ ആക്രമണത്തിന്റെ ചുക്കാൻ വഹിച്ചതെന്നു കരുതപ്പെടുന്നു. അവരാകട്ടെ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരും. സംഘത്തിലൊരാൾ യു കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കഴിയുകയും ഓസ്ട്രേലിയയിൽ നിന്നും നിയമബിരുദം സമ്പാദിക്കുകയും ചെയ്ത ആളാണെന്ന് ലങ്കയുടെ യൂനിയർ ഡിഫൻസ് മിനിസ്റ്റർ റൂവാൻ വിജെവർദ്ധനെ വ്യക്തമാക്കുന്നു.

വ്യാപാരികുടുംബത്തിലെ സഹോദരരിൽ ഒരാൾ നടത്തുന്ന ചെമ്പ് ഫാക്റ്ററിയിൽ ലങ്കൻ പൊലീസ് രണ്ടുതവണ റെയ്ഡ് നടത്തിയതായി റിപ്പോർട്ടുണ്ട്. അതിൽനിന്നും അവിടെവച്ചാണു ബോംബിന്റെ ‘ഷാർപ്നെൽ’ ഉണ്ടാക്കിയതെന്ന് അവർ സംശയിക്കുന്നു എന്നു മനസിലാക്കാം. അതു മാത്രവുമല്ല, പ്രസ്തുത വ്യാപാരി കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്യുന്ന വേളയിൽ സഹോദരന്മാരിൽ ഒരാളുടെ ഗർഭിണിയായ ഭാര്യ അവർ ധരിച്ചിരുന്ന ‘സുയിസൈഡ് വെസ്റ്റ്‘ അഥവാ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച വസ്ത്രത്തിലെ ബട്ടനിൽ വിരലമർത്തി മറ്റൊരു പൊട്ടിത്തെറി കൂടി നടത്തുന്നു. അതിൽ അവരും അവരുടെ രണ്ടു മക്കളും മൂന്നു പൊലീസുകാരുമാണു കൊല്ലപ്പെട്ടത്.