#ടെററിസം

ഐ എസ്സിലില്ല, ആർ എസ് എസിലുണ്ട്!

ഐ എസിനെയും ഓൾട് റൈറ്റിനെയും പോലെയുള്ള സംഘടനകളും സംഘപരിവാറും തമ്മിലുള്ള വ്യത്യാസം പ്രാഥമികമായും ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങളെ അവർ സമീപിക്കുന്ന രീതിയിലാണ്. ഇരുവിഭാഗവും അതിനെ അംഗീകരിക്കുന്നില്ല എന്നതു വ്യക്തം. എന്നാൽ ആദ്യവിഭാഗം അതിനെ രഹസ്യമാക്കി വയ്ക്കുന്നില്ല. ഐ എസും ഓൾട് റൈറ്റും പോലെയുള്ള സംഘടനകൾ ഒന്നും ജനാധിപത്യത്തിനുള്ളിൽ നിന്നല്ല പ്രവർത്തിക്കുന്നത്. അവർ അതിനു പുറത്ത് നിന്നുകൊണ്ട്, അതിനെ വെല്ലുവിളിച്ചുകൊണ്ട് പ്രവർത്തിക്കുന്നു.

സംഘപരിവാർ ജനാധിപത്യ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ ഒരു സംഘാതമാണെന്നാണു വയ്പ്പ്. പരിവാർ കുടുംബത്തിലെ മുഖ്യ അംഗമാകട്ടെ ഒരു സാംസ്കാരിക സംഘടനയും. സ്വാഭാവികമായും ഒരു ജനാധിപത്യ രാഷ്ട്രത്തിൽ നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘടന ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുന്നു എന്നല്ലേ മനസിലാക്കാൻ പറ്റൂ. എന്നാൽ അതല്ല സത്യമെന്നും നമുക്കറിയാം. കാരണം ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും ആ മൂല്യങ്ങളെ ആധാരമാക്കി നിലനിൽക്കുന്ന ഭരണഘടനയ്ക്കും എതിരായ ആശയ പ്രചരണങ്ങളുടെ മുഴുവൻ തലപ്പത്ത് അവരാണ്. എന്നാൽ ജനാധിപത്യത്തിൽ ആശയപരമായിരിക്കുന്നിടത്തോളം അതിനെയുൾപ്പെടെ എന്തിനെയും വിമർശിക്കാനുള്ള അവകാശം പൗരസമൂഹത്തിനുണ്ട്, അതിലെ സാംസ്കാരിക സംഘടനകൾക്കും.