#ടെററിസം

വ്യത്യാസങ്ങളുണ്ട്; ന്യായീകരണങ്ങളില്ല!

ഈ അടുത്തകാലത്ത് സുനിൽ പി ഇളയിടം നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിലെ ലിബറൽ ബുദ്ധിജീവികളുടെ നിശിത വിമർശനത്തിനു വിധേയമായിരുന്നു. പാൻ ഇസ്ലാമിസ്റ്റുകൾക്ക് അനുകൂലമായ ഒരു സമീപനം അദ്ദേഹം എടുക്കുന്നു എന്നതായിരുന്നു ആ വിമർശനം.

ആ പരാമർശം ഏതാണ്ടിങ്ങനെയാണ്. പാൻ ഇസ്ലാമിസവും ഹിന്ദുരാഷ്ട്രവാദവും ഒരുപോലെ അപകടകരമാണെങ്കിലും അവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പാൻ ഇസ്ലാമിസം ആശയതലത്തിൽ എതിർക്കപ്പെടേണ്ടതു തന്നെയാണെങ്കിലും അവർ ഉയർത്തുന്നു എന്നതുകൊണ്ടു മാത്രം തള്ളിക്കളയാവുന്ന കള്ളങ്ങളല്ല മുസ്ലിം ജനത ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലായി അനുഭവിക്കുന്ന പ്രശ്നങ്ങൾ. എന്നാൽ മറുവശത്ത് ഹിന്ദുത്വവാദികൾ ഹിന്ദുസമുദായത്തെ തങ്ങളുടെ വിദ്വേഷ പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിക്കാനായി പ്രചരിപ്പിക്കുന്നതൊക്കെയും അപ്പാടെ തള്ളിക്കളയേണ്ട നുണകൾ മാത്രമാണ്.

ഇത് പാൻ ഇസ്ലാമിസത്തോടുള്ള ഒരു സോഫ്റ്റ് നിലപാടല്ല, ഹിന്ദുത്വവാദത്തോടുള്ള കർശന നിലപാടാണ്. ഉദാഹരണത്തിനു നാം പറഞ്ഞുവരുന്ന ശ്രീലങ്കൻ സംഭവം തന്നെ എടുക്കുക. അതിനു കാരണമായ ക്രൈസ്റ്റ്ചർച്ച് സംഭവം ഒരു കള്ളക്കഥയോ, ഐ എസ് തന്നെ ആസൂത്രണം ചെയ്ത ഒരു സംഭവമോ അല്ല. എന്നാൽ ഹിന്ദുത്വവാദികൾ മുസ്ളിങ്ങൾ ചെയ്തതെന്ന് ഇന്ത്യയിൽ പ്രചരിപ്പിച്ച പല സംഭവങ്ങൾക്കും പിന്നിൽ അവർ തന്നെയായിരുന്നു എന്നത് ഇന്നൊരു വെറും ഗൂഢാലോചനാ സിദ്ധാന്തവുമല്ല. അതായത് അപകടകരമായ മതരാഷ്ട്രവാദത്തിന്റെ രണ്ട് വേർഷൻ ആയിരിക്കുമ്പോഴും പാൻ ഇസ്ലാമിസത്തിന് ഉപയോഗിക്കാനായി മുസ്ളിം അപരവൽക്കരണത്തിന്റെ ഒരു ചരിത്രമുണ്ട്. ഹിന്ദുത്വത്തിനു അങ്ങനെയൊരു ചരിത്രമില്ല. അതുകൊണ്ടു ലഭ്യമായ നുണകൾ മുഴുവൻ ഏച്ചുകെട്ടി പ്രചരിപ്പിച്ച് അവർ അതുണ്ടാക്കുന്നു.