#ടെററിസം

ഹിന്ദുത്വത്തിൽ ആത്മീയതയില്ല; ഐ എസ് ആത്മീയത വഹാബിസവും

സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുരാഷ്ട്രവാദവും പാൻഇസ്ലാമിസ്റ്റുകളുടെ മതരാഷ്ട്രവാദവും തമ്മിലുള്ള പ്രധാനവ്യത്യാസം രണ്ടാമത്തേതിൽ രാഷ്ട്രീയവും വിശ്വാസവും അടങ്ങുന്ന രണ്ടു വ്യതിരിക്ത ധാരകൾ അതിവിദഗ്ധമായി സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഹിന്ദുത്വവാദത്തിലാകട്ടെ വിശ്വാസമില്ല, രാഷ്ട്രീയം മാത്രവും.

ഹിന്ദുത്വവാദത്തിനാധാരമായി അങ്ങനെയൊരു ഏകീകൃത വിശ്വാസധാരയില്ല. ഉള്ളതു ബ്രാഹ്മണിക് വിശ്വാസധാരയാണ്. അതിനെയാവട്ടെ നിലവിൽ ഇന്ത്യയിലെ ഡെമോഗ്രഫിയിൽ അതുപോലെ മുമ്പോട്ടു വയ്ക്കാനും പറ്റില്ല. ഹിന്ദു ആത്മീയത എന്നതാവട്ടെ വിശ്വാസത്തെ തന്നെ നിഷേധിക്കുന്ന അവസ്ഥയിലേക്കു പോലും ചെന്നെത്താവുന്നത്ര വൈവിധ്യമാർന്നതും. വിപരീത ഭാവേനെയും ഭക്തി സാദ്ധ്യമാണെന്ന തരം ചിന്തകളെ വച്ചൊന്നും ഒരു മതരാഷ്ട്രത്തെ കെട്ടിപ്പടുക്കാനാവില്ല എന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെ ഹിന്ദു ആത്മീയത എന്നതും ഹിന്ദുത്വവാദവും ഒന്നല്ല. ഹിന്ദുത്വവാദികൾ ഹിന്ദു ആത്മീയതയുടെ അയലത്തുകൂടി പോലും പോവുകയുമില്ല. ആത്മീയപ്രചരണത്തിലൂടെ ഒരേകീകൃത ഹിന്ദുവിനെ ഉണ്ടാക്കാനുമല്ല അവർ ശ്രമിക്കുന്നത്, അതിലെ വൈരുദ്ധ്യങ്ങളെ സ്ഥല, കാലങ്ങൾക്കനുസരിച്ച് ഉപയോഗിച്ച് ഹിന്ദുത്വത്തിന്റെ അധികാരതാല്പര്യങ്ങൾക്ക് മൈലേജ് ഉണ്ടാക്കാനാണ്. അതാണീ ഷാജിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങ്.

പാൻ ഇസ്ലാമിസത്തിലും രാഷ്ട്രീയമുണ്ട്. അഗോളതലത്തിൽ അതിസങ്കീർണ്ണമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണത്. അമേരിക്ക ഭീകരവാദത്തിനെതിരെ വാർ എഗൻസ്റ്റ് ടെറർ സംഘടിപ്പിക്കുന്നു. അമേരിക്കൻ ഭീകരതയായി മാറിയ ആ നീക്കത്തിന്റെ സ്വാഭാവിക പ്രതിപ്രവർത്തനം എന്ന നിലയിൽ ഉണ്ടായ ഐ എസ് പോലുള്ള സംഘടനകൾ തങ്ങളാണു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഏകരൂപമെന്ന ധ്വനി ഉണ്ടാക്കുന്നു. എന്നാൽ അമേരിക്ക, ഇസ്രയേൽ വലത് മുതലാളിത്ത സാമ്രാജ്യത്തത്തിന്റെ താല്പര്യങ്ങളുമായി പലപ്പൊഴും ഇവ സന്ധി ചെയ്യുന്നതും കാണാം. ഈ വലത് അച്ചുതണ്ടിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അവർ ഉപകരണമായി പ്രവർത്തിക്കുന്നതും. ആയുധവിപണിയുമായി ബന്ധപ്പെട്ട പരോക്ഷ സഹകരണങ്ങൾ കൂടാതെയാണിത്.