#ടെററിസം

സുവർണ്ണാവസര രാഷ്ട്രീയവും മതരാഷ്ട്രീയവും

സംഘപരിവാർ ഈ കവലയിൽ വിശ്വാസ സംരക്ഷകരായി അവതരിച്ചാൽ അടുത്ത കവലയിൽ അതിന്റെ പരിഷ്കർത്താക്കളായും അവതരിക്കും.സാമൂഹ്യ ബലാബലങ്ങളിൽനിന്നും ആ കള്ളത്തരത്തെ മറികടക്കാൻ പോന്ന മറ്റൊരു കള്ളത്തരം കണ്ടെത്തുകയും ചെയ്യും. അതാണവരുടെ രാഷ്ട്രീയ വാസ്തുവിദ്യ. എന്നാൽ ഐ എസ് പോലുള്ള സംഘടകൾക്ക് ഒരിടത്ത് വഹാബിസവും മറ്റൊരിടത്ത് ലിബറൽ ഇസ്ലാമിക ദർശനങ്ങളും മുമ്പോട്ടുവച്ച് സുവർണ്ണാവസര രാഷ്ട്രീയം കളിക്കാനാവില്ല. കാരണം ലളിതമാണ്. അതു നിലനിൽക്കുന്നത് ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ഒരു യുവതയുടെ ധൈഷണികതയെ വഹാബിസത്തിനനുകൂലമായി വികസിപ്പിച്ചെടുത്തുകൊണ്ടാണ്. അതിനെ സൗകര്യം പോലെ മാറ്റിപ്പറയാനാവില്ല.

സംഘികൾക്കാവട്ടെ ആസൂത്രണ തലത്തിൽ കൃത്യമായി അറിയാം തങ്ങൾ എന്തിനായാണു പ്രവർത്തിക്കുന്നത് എന്ന്. പക്ഷേ അവർ ആസൂത്രണം ചെയ്യുന്നതു നടപ്പിലാക്കുന്നത് അടിസ്ഥാന വർഗ്ഗങ്ങളാണു പലപ്പൊഴും. അവർ തങ്ങളുടെ കൃത്യങ്ങൾക്കു പ്രചോദനമായി മനസിലാക്കുന്നതാവട്ടെ സങ്കീർണ്ണമായ ആത്മീയ ദർശനങ്ങളൊന്നുമല്ല, തങ്ങളെ മറ്റവർ അപമാനിക്കുന്നു, നിന്ദിക്കുന്നു എന്നതരം പ്രചരണങ്ങൾ മാത്രമാണ്. എങ്ങനെയും നാലു പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റി അയ്യപ്പനെ അപമാനിച്ചേ അടങ്ങു എന്നു പിണറായി വിജയൻ വ്രതമെടുത്തിരിക്കുകയാണെന്ന തരം റെവല്യൂഷണറി കള്ളങ്ങൾ.

അതുകൊണ്ടുതന്നെ അതുകേട്ട് നാളികേരം എറിയാനിറങ്ങുന്നവരുടെ മൂച്ച് പൊലീസ് നടപടികൾ തുടങ്ങുമ്പൊഴേയ്ക്കും ഒടുങ്ങും. ഐ എസ് പരിശീലനം ലഭിച്ച ആക്റ്റിവിസ്റ്റുകൾ അങ്ങനെയല്ല. പൊലീസല്ല, പട്ടാളവും ഇസ്രായേലിന്റെ വിഖ്യാത രഹസ്യപോലീസ് സംവിധാനവും വിചാരിച്ചാൽ അവരുടെ ആത്മവീര്യം തകർക്കാനാവില്ല. കാരണം ആ ആത്മവീര്യം അവർക്ക് വർഗ്ഗപരമായ ഒരു പ്രിവിലെജായി ലഭിക്കുന്നതാണ്. അടിസ്ഥാനവർഗ്ഗത്തിന്റെ ആത്മവീര്യം അവർക്ക് അങ്ങനെ ഒരു പ്രിവിലേജായി ജന്മനാ ലഭിക്കുന്നതല്ല. സംഘടനാപ്രവർത്തനവും ആശയശാക്തീകരണവും പോലെയുള്ള പ്രവർത്തനങ്ങൾ വഴി ഉണർത്തിക്കൊണ്ടുവരേണ്ട ഒന്നാണ്. അതാണു വ്യത്യാസവും.